ഇരിട്ടി: ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ രാജ്യത്തെ ആദ്യത്തെ സമഗ്ര ആയുർവേദ ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്തെ ആദ്യം എന്ന നിലയിലുള്ള ഒട്ടേറെ സ്ഥാനങ്ങൾ നമ്മുടെ കേരളത്തിന് നേടാനായിട്ടുണ്ട്. നമ്മുടെ നാടിന് എങ്ങനെ ഈ ശാസ്ത്രയുഗത്തിൽ കൂടുതൽ മികവോടെ മുന്നോട്ടുപോകാനാകും എന്നതാണ് ഇതിലൂടെയൊക്കെ നാം നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയതോതിൽ കഴിവാർജിച്ച നാട്ടുവൈദ്യൻമാർ നമ്മുടെ നാട്ടിലുണ്ടെന്നും അവരുടെ സംഭാവനകൾ യുവ ഗവേഷകർക്ക് കരുത്തായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രംഗത്തും വ്യാജൻമാർ ഉണ്ടാകാം. അവരെ തിരിച്ചറിയണം. അല്ലാതെ പൊതുവേ ആളുകൾ വ്യാജരാണെന്ന് ചിന്തിക്കാൻ പാടില്ല. കേരളത്തിൽ ഒട്ടേറെ കഴിവുറ്റ ആയുർവേദ ജ്ഞാനികൾ ഉണ്ട്. അവരെ പ്രത്യേകമായി കണ്ടെത്തണം.
തന്നെപ്പോലെതന്നെ വൈദ്യരംഗത്തുള്ളയാളാണ് നാട്ടുവൈദ്യർ എന്ന ഒരു ആദരം കൊടുത്തുകൊണ്ട് അവരെ സമീപിക്കണം. നല്ല ഗവേഷകർ ഉണ്ടാകണമെങ്കിൽ അതിന്റെ എല്ലാ സജ്ജീകരണങ്ങളും വേണം. ആയുർവേദത്തിൽ പഠിക്കുന്ന മരുന്നുകളും ആ മരുന്നേതാണെന്ന് തിരിച്ചറിയാൻ കഴിയുന്ന നിലയുമുണ്ടാകണം. തയാറാക്കിയ മരുന്ന് കൊടുക്കാൻ മാത്രം അറിയുന്നവരാണു മഹാഭൂരിഭാഗം നമ്മുടെ നാട്ടിലെ കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ആയുർവേദ ഡോക്ടർമാർ. ആ പറയുന്ന ചികിത്സാരീതിയിലെ സസ്യം പോലും എന്താണെന്ന് തിരിച്ചറിയാത്ത ഒട്ടേറെപ്പേരുണ്ട്. ആ കഴിവാർജിക്കാനാകണം. എങ്കിലേ അത്തരം സസ്യങ്ങൾ സംരക്ഷിക്കുന്ന പ്രവർത്തനത്തിലേക്ക് നീങ്ങാൻ പറ്റൂ.
അതിന്റെ ഭാഗമായി ഇപ്പോൾ ഇവിടെ ചെറിയൊരു ഔഷധത്തോട്ടം തുടങ്ങിയിട്ടുണ്ട്. അത് വൻതോതിൽ വികസിപ്പിക്കാനാകണം. ഈ സ്ഥാപനം ലോകം അറിയപ്പെടുന്ന ഒരു സ്ഥാപനമായി മാറുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുതകുന്ന സമീപനം ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഇപ്പോൾ തുറന്ന മനസോടെ കാര്യങ്ങൾ നീക്കാൻ തയാറായാൽ അതിന് തുടർച്ചയുണ്ടാകും. അത്തരമൊരു രീതി ഈ സ്ഥാപനം തുടർന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടുവൈദ്യന്മാർക്കും നാട്ടുവൈദ്യത്തിനും പ്രത്യേക അംഗീകാരം നൽകുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടിന് രൂപംകൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ഐആർഐഎ വെബ്സൈറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. വി. ശിവദാസൻ എംപി, കെ.കെ. ശൈലജ എംഎൽഎ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ, ടി. ശ്രീജ, സി.കെ. മുഹമ്മദ്, കെ.വി. അബ്ദുൾ റഹ്്മാൻ, വി.വി. രാജീവൻ, ആർ. മിനി എന്നിവർ പ്രസംഗിച്ചു.